Netzer from Nazareth
നസ്രേത്തിൽ നിന്നുള്ള മുള - പ്രത്യാശ വീണ്ടും തളിർക്കുമ്പോൾ
“എന്നാൽ യിശ്ശായിയുടെ കുറ്റിയിൽ നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നു ഒരു കൊമ്പു ഫലം കായ്ക്കും.” - യെശയ്യാവു 11:1
ഒരിക്കൽ യിസ്രായേൽ ഒരു വെട്ടിക്കളഞ്ഞ വൃക്ഷംപോലെ ആയിരുന്നു - അതിന്റെ മഹത്വം നഷ്ടപ്പെട്ടു, വേരുകൾ മണ്ണിനടിയിൽ മറഞ്ഞു, പ്രത്യാശയും നിശ്ശബ്ദതയിലാണ്ടുപോയി.
ദാവീദിനോടു പറഞ്ഞ വാഗ്ദാനങ്ങൾ മറന്നുപോയതുപോലെ തോന്നി. സിംഹാസനം ശൂന്യമായി, സ്തുതിഗീതങ്ങളും ഗാനങ്ങളും എങ്ങോ അപ്രത്യക്ഷമായതുപോലായി, ലോകം ഇരുട്ടിൽ കാത്തുനിന്നു......
എന്നാൽ ദൈവം മറന്നിട്ടില്ല.
വെട്ടിക്കളഞ്ഞ വൃക്ഷത്തിൻ്റെ കുറ്റിയിൽ നിന്നും - യിശ്ശായിയുടെ വേരിൽ നിന്നും ഒരു പച്ച മുള തളിർത്ത് കൊമ്പായ് പൊങ്ങി വന്നു - കാഴ്ചയിൽ ശക്തിമത്തല്ലെങ്കിലും ആർക്കും പ്രതിരോധിക്കുവാൻ സാധിക്കാതവണ്ണം ആരും കാണാതെയും അറിയാതെയും അത് വളർന്നുപൊങ്ങി.
രാജകൊട്ടാരത്തിനകത്തല്ല, നസ്രേത്ത് എന്ന ചെറു പട്ടണത്തിൽ, ഒരു തച്ചൻ്റെ മകനായി കൃപയിലും സത്യത്തിലും അവൻ വളർന്നു വന്നു -
അവൻ തന്നെയാണ് ആ മുളയിൽ നിന്നുള്ള കൊമ്പ് ( Nazer), ദൈവം യെശയ്യാ പ്രവാചകനിലൂടെ മുമ്പേ പറഞ്ഞ മുളയിൽ നിന്നുമുള്ള കൊമ്പ്, നസ്രേത്തിലെ യേശു, സർവ്വജാതികളുടെയും പ്രത്യാശയായവൻ.
അവൻ സ്വർണ്ണത്താൽ അലങ്കരിച്ച രാജാവായി അല്ല വന്നത് - വിനയത്തിൽ പൊതിഞ്ഞ ദാസനായിട്ടാണ് വന്നത്.
അവൻ മനം തകർന്നവർക്ക് സൌഖ്യം വരുത്തുവാനും, ഭാരം വഹിക്കുന്നവരെ ഉയർത്താനും, പ്രത്യാശയില്ലാത്ത ഹൃദയങ്ങളിൽ ജീവൻ പകരുവാനുമാണ് വന്നത് - ദൈവമായിരുന്നവൻ തൻ്റെ സർവ്വ മഹത്ത്വത്താലും ഉഗ്രപ്രതാപത്താലുമല്ലാതെ മനുഷ്യ വേഷത്തിലും ദാസരൂപത്തിലും വന്നു, സകല മനുഷ്യർക്കും പകരമായ് യാഗമരണത്തോളം അനുസരണമുള്ളവനായ് താണു; അവൻ മരണത്തെ മരണം കൊണ്ട് ജയിച്ച് ഉയർത്തെഴുന്നേറ്റ് വന്നു - യിസ്രായേലിൻ്റെ ആദ്യ മഹാപുരോഹിതനായിരുന്ന അഹറോൻ്റെ വടി തളിർത്ത് പൂത്ത് ബദാം ഫലം കായ്ച്ചതു പോലെ, ദാവീദിൻ്റെ ഗോത്രത്തിൽ നിന്നും -യിശ്ശായിയുടെ വേരിൽ നിന്നും ഒരു മുള പൊട്ടി തളിത്ത് ജീവഫലം കായ്ച്ചു - വിശ്വസിക്കുന്ന സകല മനുഷ്യർക്കുമായ് നിത്യജീവനായ് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു. അവൻ ഇന്നും തൻ്റെ വിശുദ്ധന്മാരിലൂടെ ജീവിക്കുന്നു.
ഇന്നും അവൻ അതേ കാര്യം ചെയ്തുതുകൊണ്ടിരിക്കുന്നു....
ഈ ബ്ലോഗ് - നസ്രേത്തിൽ നിന്നുള്ള മുള - Nazer from Nazareth ആ വാഗ്ദാനത്തിന്റെ പ്രതിഫലനമാണ്.
ദൈവം വെട്ടിക്കളഞ്ഞതിൽ നിന്നു സൗന്ദര്യം വിരിയിച്ചെടുക്കുവാനും, നഷ്ടപ്പെട്ടതിൽ നിന്നു ജീവൻ തിരിച്ച് തരുവാനും കഴിയുന്നവനാണെന്ന സത്യം ഇതിൽ ഓർമ്മപ്പെടുത്തുന്നു.
ജീവിതം ഒരിക്കൽ അടിയോളം വെട്ടിക്കളഞ്ഞ വൃക്ഷം പോലെ തോന്നിയാലും, അതിന്റെ അടിവേരിൽ ദൈവത്തിന്റെ ഉദ്ദേശം ഇതിനടിയിൽ ഇപ്പോഴും ജീവനായ് മറഞ്ഞിരിക്കുന്നു.
ഇതിലുള്ള ഓരോ വാക്കിനാലും നിങ്ങളുടെ വിശ്വാസം വീണ്ടും വേരൂന്നാൻ സഹായിക്കട്ടെ -
പ്രത്യാശ വീണ്ടും തളിർത്ത് വിരിയട്ടെ, കൃപയുടെ സുഗന്ധം നിങ്ങളുടെ ഹൃദയം നിറയ്ക്കട്ടെ.
- രാധാകൃഷ്ണൻ

Comments
Post a Comment