Netzer from Nazareth
നസ്രേത്തിൽ നിന്നുള്ള മുള - പ്രത്യാശ വീണ്ടും തളിർക്കുമ്പോൾ “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽ നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നു ഒരു കൊമ്പു ഫലം കായ്ക്കും.” - യെശയ്യാവു 11:1 ഒരിക്കൽ യിസ്രായേൽ ഒരു വെട്ടിക്കളഞ്ഞ വൃക്ഷംപോലെ ആയിരുന്നു - അതിന്റെ മഹത്വം നഷ്ടപ്പെട്ടു, വേരുകൾ മണ്ണിനടിയിൽ മറഞ്ഞു, പ്രത്യാശയും നിശ്ശബ്ദതയിലാണ്ടുപോയി. ദാവീദിനോടു പറഞ്ഞ വാഗ്ദാനങ്ങൾ മറന്നുപോയതുപോലെ തോന്നി. സിംഹാസനം ശൂന്യമായി, സ്തുതിഗീതങ്ങളും ഗാനങ്ങളും എങ്ങോ അപ്രത്യക്ഷമായതുപോലായി, ലോകം ഇരുട്ടിൽ കാത്തുനിന്നു...... എന്നാൽ ദൈവം മറന്നിട്ടില്ല . വെട്ടിക്കളഞ്ഞ വൃക്ഷത്തിൻ്റെ കുറ്റിയിൽ നിന്നും - യിശ്ശായിയുടെ വേരിൽ നിന്നും ഒരു പച്ച മുള തളിർത്ത് കൊമ്പായ് പൊങ്ങി വന്നു - കാഴ്ചയിൽ ശക്തിമത്തല്ലെങ്കിലും ആർക്കും പ്രതിരോധിക്കുവാൻ സാധിക്കാതവണ്ണം ആരും കാണാതെയും അറിയാതെയും അത് വളർന്നുപൊങ്ങി. രാജകൊട്ടാരത്തിനകത്തല്ല, നസ്രേത്ത് എന്ന ചെറു പട്ടണത്തിൽ, ഒരു തച്ചൻ്റെ മകനായി കൃപയിലും സത്യത്തിലും അവൻ വളർന്നു വന്നു - അവൻ തന്നെയാണ് ആ മുളയിൽ നിന്നുള്ള കൊമ്പ് ...